Can`t Read ???

This Blog contains a Non-Latin Indic script called Malayalam which is the official language of the state of Kerala. To download Malayalam font Click Here!!!!!

Tuesday, June 22, 2010

മൂന്നു പൂച്ചരോമങ്ങൾ

എന്റെ പൂച്ച,അവൻ എന്നൊടു പറഞ്ഞു.


“എനിക്കിഷ്ടം മണ്ണിൽ അലിഞ്ഞില്ലാതാകുന്നതാണെന്ന്”


ഞാൻ അവന്റെ ചെവിയിൽ തിരികേ മന്ത്രിച്ചു.
മണ്ടൻ പൂച്ചേ, പൂച്ചകൾക്ക് സ്വർഗ്ഗവും നരകവുമില്ല.
അവൻ മറുപടിയായ് പറഞ്ഞു, അതെ  മനുഷ്യരെപ്പോലെ!!!




അപ്പോൾ എനിക്കും അവന്റെ മുഖമായി.
ആത്മാവിന് എന്റെ പൂച്ചയുടെ മുഖമാണ്.
ഞാൻ പറഞ്ഞു മരണം വിറങ്ങലിച്ചതാണ്, അത് പരമ ബോറാണ്.
പൂച്ച തർക്കിച്ചു , ആയിരിക്കാം പക്ഷെ എനിക്കത്
കാല്പനികമായ ഒരു കവിതയാണ് ,വാചാലമാണ്.


ഞാൻ അവന്റെ ചെവികൾക്കു പിന്നിൽ തഴുകി
അവൻ കുറുകിക്കൊണ്ട് എന്റെ കാലുകളെ വട്ടം ചുറ്റി.


പിന്നെ രഹസ്യമായി പൂച്ച ശബ്ദത്തിൽ പറഞ്ഞു.
നിന്റെ കഠാര എനിക്കു തരൂ, അല്ലെങ്കിൽ ഒരു തോക്ക്,
ഒന്നുമില്ലെങ്കിൽ ഒരു ചാക്കുകെട്ടിൽ എന്നെ നീ കൊക്കയിലെറിയൂ.


ഞാൻ അവന്റെ ആഗ്രഹം അറിഞ്ഞു, മരിക്കാനുള്ള അവന്റെ വിങ്ങൽ.
ഞാൻ അവന്റെ കണ്ണിൽ നോക്കി ചിരിച്ചു.
നിന്റെ മരണം എന്റേതു കൂടിയാണ്,
കാരണം ഞാൻ നീ തന്നെ ആണല്ലോ.


എന്റെ പൂച്ച വിഷാദം നിറഞ്ഞ കണ്ണുകളാൽ എന്നെ നോക്കി-കണ്ണു ചിമ്മി
അവനോട് ഞാൻ ചോദിച്ചു, നീ എന്തിനാണ് മരിക്കുന്നത്??
നിനക്ക് ജീവിച്ചു കൂടേ? എലിയെപ്പിടിക്കുന്ന ഒരു സാധാരണ പൂച്ചയായി?
 അടുപ്പിന്നടുത്ത് ചൂട് കാഞ്ഞിരുന്നുകോണ്ട്, പാൽ കട്ടുകുടിച്ചുകൊണ്ട്.


പിന്നെ കുറുകി കാലിൽ വട്ടംചുറ്റി എന്നെ സ്നേഹിച്ചുകൊണ്ട്,


അല്ലേങ്കിൽ സ്നേഹം അഭിനയിച്ചുകൊണ്ടെങ്കിലും ,
ഒരു അസ്സൽ പൂച്ചയായി നിനക്കു ജീവിച്ചുകൂടെ?


കനപ്പിച്ച “മാവോ” വിളിയാൽ ഞാൻ അറിഞ്ഞു അവൻ ദേഷ്യത്തിലെന്ന്
പുലി നഖങ്ങൾ വിടർത്തി പുച്ഛത്തിൽ ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു.
ഞാനോരു മടിയൻ പൂച്ചയാണ്.
ഓമനിച്ച് ഓമനിച്ച് നിങ്ങളെന്നെ ഒന്നിനും കൊള്ളാത്തവനാക്കി.
എലിയെപ്പിടിക്കാൻ ഞാൻ മറന്നിട്ടേറെ നാളായി.
എനിക്കാകെ അറിയുന്നത് നീ എന്നെ തലോടുമ്പോൾ കുറുകാനാണ്.
പക്ഷെ, എന്നെങ്കിലും നീ എന്റെ പൂച്ച സ്വത്വത്തെ അറിഞ്ഞിരുന്നുവോ.


അല്ല!! നീയും അതു തേടുകയായിരുന്നല്ലോ നിന്റെ ആത്മാവിനെ.
നീ എന്നെങ്കിലും അറിഞ്ഞിരുന്നുവോ നീ ഇല്ലാത്ത ഒന്നിനെ ആണ് തേടുന്നതെന്ന്.
നീ പോയ വഴികളിൽ ഞാനുമുണ്ടായിരുന്നല്ലോ, നിന്റെ മേശപ്പുറത്തെ പൂച്ചയായി.
നീ കണ്ടതും കാണാത്തതും എന്റെ കാഴ്ചയായിരുന്നല്ല്ലോ.


നീ അന്ധനായിരുന്ന രാത്രികളിൽ ഞാൻ നിന്റെ കണ്ണുകളായിരുന്നെന്നു നീ അറിയുന്നുണ്ടോ?
നീ അന്ധനായ ഈ പകലിലും ഞാൻ നിനക്കായി കാണണമല്ലോ






ആ പൂച്ചക്കണ്ണുകളിലേക്കു നോക്കി നോക്കി ഞാൻ ഈ പൂച്ചച്ചിന്തകൾ വായിച്ചു.
പിന്നെപ്പിന്നെ എനിക്കു തോന്നി ഞാൻ എന്നോട് സംസാരിക്കുന്നതാണോ,


വലതുകൈ ഉയർത്താനാഞ്ഞതും കയ്യിൽ ചുവന്ന മൂന്നു വരകൾ,
ചിന്തകൾ ചിന്തകൾ എല്ലാം മിഥ്യ! ഈ നഖപ്പാടുകൾ മാത്രം സത്യം.
ഒരു നീറ്റൽ, പിന്നെ എന്റെ മരണക്കുറുപ്പിൽ മഷിപരന്നു.
ഒട്ടി നിൽക്കുന്നു, മൂന്നു പൂച്ചരോമങ്ങൾ മാത്രം ആ പേജിൽ .

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങൾ വിലയേറിയതാണ്.

Related Posts with Thumbnails