Can`t Read ???

This Blog contains a Non-Latin Indic script called Malayalam which is the official language of the state of Kerala. To download Malayalam font Click Here!!!!!

Wednesday, June 30, 2010

കുറ്റവാളികളുടെ വേദപുസ്തകത്തിലൂടെ....


എന്റെ ബ്ലോഗ്ഗിൽ മസിൽ പിടിത്തം അൽ‌പ്പം കൂടുതലാണെന്നു ചിലർ  .....ജാഡയെന്ന്  വേറെ കുറെപ്പേർ (ഈ ജാഡ എന്നു വച്ചാൽ എന്താ ;) )...പിന്നെ വളരെക്കുറച്ചു പ്രശംസ (ബ്ലോഗ്ഗ് കലക്കീട്ടോ ചങ്ങായീ )....കുറെ അധികം വിമർശനം(ഇതിൽ എവിടാടേ ആഖ്യ, ആഖ്യാദം..)....എല്ലാവർക്കും അഭിപ്രായങ്ങൾക്കും ആയിരം നന്ദി :)

                                                                                                                                                            
പരാതി പരിഗണിച്ച് ഇന്നെങ്കിലും ഈ ബ്ലോഗ്ഗിൽ അൽ‌പ്പം തമാശ പറയാമെന്നു വച്ചതായിരുന്നു....

തമാശ തീർന്നു, പാപ്പിയോൺ എന്റെ കൈയ്യിൽ കിട്ടിയപ്പോൾ..ഒരു ദിവസം കൊണ്ട് അതു വായിച്ചു തീർത്തപ്പോഴേക്കും എന്റെ മനസ്സിനു തീ പിടിച്ചു . വെടിമരുന്നു നിറച്ചിരുന്നു ആ അത്മകഥയുടെ താളുകളിൽ...

അത് ജയിൽ ജീവിതത്തെപ്പറ്റിയായിരുന്നു.....ശ്രീനിവാസൻ പറഞ്ഞതുപോലെ....“ഞാൻ ജയിലിന്റെ മുന്നിൽ നിൽക്കുകയാണ്...ഒരു കറുത്ത ഭീകരജീവിയെപ്പോലെ ജയിലും എന്റെ മുന്നിൽ നിൽക്കുകയാണ് “

ജയിൽ അനുഭവങ്ങൾപ്രമേയമാക്കി അനേകം നോവലുകൾ/സിനിമകൾ ഉണ്ട്. മലയാളത്തിൽ ഞാൻ വായിച്ചത് ബഷീറിനെയാണ്. എന്നാൽ അദ്ദേഹത്തിന്റെ സ്വന്തം ശൈലിയിൽ ഫലിതം കലർത്തി കഥ പറഞ്ഞപ്പോൾ ജയിലിൽ പൂങ്കാവനം ഉണ്ടാക്കിയ, പ്രണയിച്ച, ജയിൽ ചാടുവാൻ ഘോര ഘോരമായ് ഇടിയും മിന്നലുമുള്ള രാത്രിക്കു വേണ്ടി കാത്തിരുന്ന ഒരു രാഷ്ട്രീയ തടവുകാരന്റെ ജീവിതം നമുക്കു മുന്നിലെത്തി....മറ്റൊന്ന്
The Shawshank Redemption ആണ് പിന്നിട് ചലച്ചിത്രമാക്കപ്പെട്ട ഈ നോവലും ഒരു ജയിൽ ചാട്ടത്തിന്റെ കഥയാണ് അതിലുമുണ്ട്. ഘോര ഘോരമായ ഇടിയും മിന്നലുമുള്ള രാത്രിയും ഒരു ജയിൽചാട്ടവും... ....”  

ഫ്രെഞ്ച് ഭാഷയിൽ പാപ്പിയോൺ(PAPILLON) എന്നാൽ ചിത്രശലഭം എന്നാണ് അർത്ഥം.1968ൽ രചിക്കപ്പെട്ട പിന്നീട് ജനപ്രീതിയിലേക്ക് കുതിച്ചുയർന്ന ഈ ഗ്രന്ഥം ഫിനോമിനെ പാപ്പിയോൺ(പാപ്പിയോൺ എന്ന പ്രതിഭാസം) എന്നറിയപ്പെട്ടു.(ചിത്രത്തിനു കടപ്പാട്:വിക്കിപ്പീഡിയ)

പാപ്പിയോൺ ഒരു മനുഷ്യന്റെ അതിജീവനത്തിന്റെ കഥയാണ്....അത്  സ്വതന്ത്ര മനുഷ്യനായി ജീവിക്കണമെന്ന ഒരു വ്യക്തിയുടെ തീവ്രാഭിലാഷങ്ങളുടെ ചോരയിൽ ചാലിച്ച  വിവരണമാണ്. വെറുതെ അങ്ങനെ ക്ലീഷെ വാചകങ്ങൾ പറയുന്നതല്ല..ഹെന്റി ഷാരിയർ(Henri Charriere) എന്ന ഒരു ജീവപര്യന്തക്കാരന്റെ ആത്മകഥയാണ് പാപ്പിയോൺ.നിരപരാധി എന്നവകാശപ്പെട്ടിരുന്ന പാപ്പിയോണിന്റെ വാദങ്ങൾ തള്ളിക്കോണ്ട് കോടതി അയാളെ ജീവപര്യന്തം(മരണം വരെ)
തടവിന് ശിക്ഷിച്ച് ഫ്രെഞ്ച് ഗയാനയിലേക്ക് അയച്ചു.ഷാരിയർ ഇരുണ്ട ജയിൽമുറികളിലിരുന്ന് ഓരോ നിമിഷവും ചിന്തിച്ചിരുന്നത് ഒരൊറ്റകാര്യം മാത്രമായിരുന്നു...എനിക്ക് ഈ നരകത്തിൽ നിന്ന്  ഈ ചെകുത്താന്മാരിൽ നിന്ന് രക്ഷപെടണം....13 വട്ടം അയാൾ ജയിൽചാടി...പലപ്പോഴും പിടിക്കപ്പെട്ടു,,,, പിടിക്കപ്പെടുമ്പോഴും ക്രൂരമായ മർദ്ദനം ഏറ്റുവാങ്ങുമ്പോഴും അയാൾ ചിന്തിച്ചിരുന്നത് അടുത്ത രക്ഷപെടൽ പ്ലാനിനെക്കുറിച്ചായിരുന്നു.... ധീരമായ അത്യന്തം ത്യാഗപൂർണ്ണമായ രക്ഷാശ്രമങ്ങൾക്കൊടുവിൽ പാപ്പിയോൺ ചെറു ചങ്ങാടങ്ങളിൽ സമുദ്രം താണ്ടി...വിവരിക്കാൻ സാധ്യമല്ലാത്ത നരകയാത്രക്കൊടുവിൽ വെനിസ്വേലയിലെത്തി പുതിയ ഒരു ജീവിതം ആരംഭിച്ചു...
1968-ൽ പ്രസിദ്ധീകരിക്കപ്പെട്ട “പാപ്പിയോൺ” ഒരു ആത്മകഥ എന്നതിനെക്കാൾ ഒരു autobiographical novel ആണ്.

കുറ്റവാളികളുടെ വേദപുസ്തകം എന്ന കുപ്രശസ്തി ഇതിനെ വേട്ടയാടുന്നുണ്ട്..ഈ പുസ്തകം വായനക്കാരിൽ നിറക്കുന്നത് ഏതു സാഹചര്യത്തിലും അതിജീവിക്കാനുള്ള പ്രചോദനത്തിന്റെ വെടിമരുന്നാണ്..അത്യന്തം വിഷലിപ്തമായ ഒരു സമൂഹത്തിലേക്ക് ഒട്ടേറെ ചോദ്യങ്ങൾകൊണ്ട് ആഞ്ഞു കുത്തുകയാണ് ഷാരിയാർ. ഇത് മ്രുദുല വികാരങ്ങളെ തലോടുന്ന ഒരു പൈങ്കിളി നോവൽ അല്ല.മറിച്ച് നിങ്ങളുടെ സദാചാരത്തിന്റെ കരണക്കുറ്റിയിൽ നൽകുന്ന പഠേ!!!!! എന്ന ഒന്നാന്തരം അടിയാണിത്.ദുഷിച്ച നിയം വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്ന ഒരു വിപ്ലവ കഥകൂടിയാണ് ഇത്.


എം.പി പോൾ ബാല്യകാലസഖിയെപ്പറ്റിപ്പറഞ്ഞത് ഇങ്ങനെ “ഇത് ജീവിതത്തിൽ നിന്നും ചീന്തിയെടുത്ത ഒരു ഏടാണ്...വക്കിൽ ചോര പൊടിഞ്ഞിരിക്കുന്നു“ ആ അർത്ഥത്തിൽ പാപ്പിയോൺ രക്തം നിറഞ്ഞൊഴുകുന്നതാണ്.അതിലെ ഭാഷയും ശൈലികളും വിവരണങ്ങളും ഒരു മാന്യനു(?) ഇഷ്ടപ്പെട്ടെന്നു വരില്ല.

പാപ്പിലോണിനെപ്പറ്റി കൂടുതൽ വിവരണങ്ങളില്ല അല്പം ചിലവ ഞാൻ കോട്ട് ചെയ്യുന്നു...

“അധോലോകത്തിൽ‌പ്പെട്ട ഒരു പോലീസ് ചാരനായ കൂട്ടിക്കൊടുപ്പുകാ‍രനെ കൊന്നു എന്നതായിരുന്നു എന്റെ പേരിൽ ആരോപിക്കപ്പെട്ട കുറ്റം, കിട്ടിയത് ജീവിതാവസാനം വരെ കഠിന തടവ്”

“എനിക്കെന്റെ ചാർജർ കിട്ടി.ഭംഗിയായി പോളീഷ് ചെയ്ത അലുമിനിയം റ്റ്യൂബ്.മദ്ധ്യഭാഗത്ത് തുറക്കാം.5600 ഫ്രാങ്ക് ഉണ്ടായിരുന്നു,പുതിയ നോട്ടുകളായി. ആ കുഴലിനെ ഞാൻ ചുംബിച്ചു എന്നിട്ട് ഗുദത്തിൽ തിരുകിക്കയറ്റി വച്ചു.അത് നേരെ കടന്ന് വൻ  കുടലിലെത്തി. അതായിരുന്നു എന്റെ സേഫ് ഡെപ്പോസിറ്റ്.അവർ എന്നെ വിവസ്ത്രനാക്കിയാലും, പരിശോധിച്ചാലും കണ്ടെത്താൻ കഴിയില്ല   അതെന്റെ ഭാഗമായി.ജീവിതവും സ്വാതന്ത്ര്യവും ഇതായിരുന്നു-എന്റെ പ്രതികാരത്തിനെ മാർഗ്ഗം”

“രണ്ട് വർഷം ഏകാന്ത തടവ്-നരഭോജി എന്ന് ഇരട്ടപ്പേരുള്ള സാങ്ങ്-ജോസഫ് ഇരുട്ടറയിൽ

ഒരു വർഷത്തിന് 365 ദിവസം, 2 വർഷത്തിന് 730 ദിവസം. 1 ദിവസത്തിന് 24 മണിക്കൂർ.730 ദിവസത്തിന് ആകെ എത്ര മണിക്കൂർ? എനിക്കു തെറ്റിയിട്ടില്ലെങ്കിൽ 17523 മണിക്കൂർ, പ്രിയപ്പെട്ട പാപ്പിലോൺ 17523 മണിക്കൂർ നീ ഈ കൂട്ടിൽ കഴിയണം .കാട്ടുമ്രുഗങ്ങൾക്കായി ഉണ്ടാക്കിയതാണ് ഈ കൂട്. അപ്പോ‍ൽ എത്ര മിനിറ്റുകൾ? പോയി തുലയട്ടെ ഒറ്റക്ക് ഈ മണിക്കൂറുകളും മിനിറ്റുകളും സെക്കന്റുകളും എന്തെങ്കിലും കൊണ്ടു നിറക്കണം,ഒറ്റക്ക് തനിയേ...”

“1941 ആണ് വർഷം ഞാൻ ജയിലിലായിട്ട് 11 വർഷമായി. എനിക്ക് വയസ്സ് 35.എത്ര ചാടിപ്പോക്കുകൾ ആകെ എത്ര എണ്ണം....”

“എന്നിലാരോപിക്കുന്ന കുറ്റം ഞാൻ ചെയ്തിട്ടില്ല.എന്നാലും ഒരു പ്രോസിക്യൂട്ടറും 12 ജൂറിമാരും ചേർന്ന് എന്നെ ആയുഷ്കാല കഠിന തടവിന് വിധിച്ചു.ശിക്ഷിക്കണം-കൊലപാതകികളേയും മോഷ്ടാക്കളേയും -പക്ഷേ ശിക്ഷകർ ഇങ്ങനെ നരകത്തേക്കാൾ താണ നിലയിലേക്കു പോകേണ്ടതുണ്ടോ?
എന്നെപ്പോലെ ഭൂതകാലമുള്ള ഒരാൾക്ക് നല്ല്ലൊരു മനുഷ്യനാകാൻ കഴിയുമെന്ന് ബഹുഭൂരിപക്ഷം ഫ്രെഞ്ചുകാരും സമ്മതിച്ചെന്നു വരില്ല .അവർക്കും വെനിസ്വേലക്കർക്കും തമ്മിലുള്ള പ്രധാന വ്യത്യാസം ഇതാണ്, ഒരുവനും എന്നെന്നേക്കുമായി നശിക്കുന്നില്ല...”

പാപ്പിയോൺ ഒരു കൊടും കുറ്റവാളിയുടെ ആത്മകഥ എന്നു പറഞ്ഞ് നമുക്ക് എഴുതിത്തള്ളാനാവില്ല.കാരണം ജയിലിനകത്തെ സാഹചര്യങ്ങൾ അയാളെ കൂടുതൽ കുറ്റങ്ങൾ ചെയ്യിക്കുന്നു എന്നതു തന്നെ...പിന്നെ ഏത് കൊടും കുറ്റവാളിയും മനുഷ്യനാക്കി മാറ്റാവുന്നവനാണെന്നതും ചിന്തിക്കേണ്ട വിഷയം ആണ്...

പാപ്പിലോൺ നീതിപീഠത്തിനും ജയിൽ സംവിധാനങ്ങൾക്കും പുനരാലോചനക്കുള്ള ഒരു വേദി കൂടി ഒരുക്കുന്നു എന്നതാണ് ഇതിന്റെ സമകാലീന പ്രസക്തി.


മലയാളം വേർഷൻ: വാങ്ങണമെങ്കിൽ ഇവിടെ ക്ലിക്കുക
വിവർത്തനം:ഡോ.എസ്.വേലായുധൻ
പബ്ലീഷേർസ്: പാപ്പിയോൺ(പുസ്തകത്തിന്റെ പേരു തന്നെ പബ്ലീഷേർസിനും !!!!! )

1 comment:

  1. റിവ്യൂ കുഴപ്പമില്ല.. പുസ്തകവിചാരത്തില്‍ ഉള്‍പ്പെടുത്താമോ ?

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾ വിലയേറിയതാണ്.

Related Posts with Thumbnails